കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം അടുത്ത വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ തീരുമാനം. ജൂൺ മാസത്തോടെ പണികൾ തീർത്ത് ഓഗസ്റ്റിൽ ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം 2027 ഓഗസ്റ്റ് മാസം ഔദ്യോഗികമായി കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). അടുത്ത വർഷം ജൂണോടെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിർമാണപ്രവൃത്തിയിൽ കാലതാമസം നേരിട്ടതോടെ ആണ് ഒരുവർഷത്തിലധികം സമയം കൂടി കെഎംആർഎല്ലിന് വേണ്ടിവന്നത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നീളുന്നത്. പദ്ധതിക്കായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽനിന്ന് 1116 കോടി രൂപ വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയിൽ കാലതാമസം ഉണ്ടായതായാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം. കൂടാതെ, നിർമാണപ്രവൃത്തികൾക്കിടെ നേരിട്ട വെല്ലുവിളികളും പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമായി.
പൈപ്പ്ലൈൻ ജങ്ഷനിൽനിന്ന് പടമുഗൾ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ്പ്ലൈൻ സാന്നിധ്യം നിർമാണത്തെ ബാധിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം - പാലാരിവട്ടം സ്ട്രെച്ചിലെ ഭൂമിയേറ്റെടുപ്പും പദ്ധതി വൈകുന്നതിന് കാരണമായി. 2024 ഡിസംബറിൽ ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികൾ കോടതിവ്യവഹാരങ്ങളടക്കം കാരണം 2026 മാർച്ച് വരെ നീണ്ടു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 10.58 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ നിർദിഷ്ട രണ്ടാംഘട്ടത്തിൻ്റെ ദൈർഘ്യം. ആകെ 10 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്. പൈലിങ്, പൈൽ ക്യാപ് നിർമാണം തുടങ്ങിയ മുഴുവൻ ഫൗണ്ടേഷൻ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. വയഡക്ട് പൈലിങ് പ്രവൃത്തി 85 ശതമാനം പൂർത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിദിനം 25 മുതൽ 30 മീറ്റർ വരെയാണ് നിർമാണപ്രവൃത്തി നടക്കുന്നത്. കാലവർഷത്തിന് ശേഷം പ്രവൃത്തികളിൽ വേഗം കൂട്ടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


