കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. സാമ്പത്തിക സ്ഥിതി നോക്കാതെ ലിംഗഭേദത്തിൻ്റെ പേരിൽ സൗജന്യം നൽകുന്നതിനെതിരെ ജൂൺ 15ന് ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു. 

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നുമാണ് പ്രഖ്യാപനം. അത് കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയദര്‍ശിനി പദ്ധതി

സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതലാണ് നടപ്പിലാകുക. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് അനുവദിക്കും. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ നൽകുന്ന വാർഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം. അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ വാങ്ങുക, സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ നടപടികൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പ്രിയദർശിനി പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.