കൊല്ലത്തും തിരുവനന്തപുരത്തും ഗോഡൗണുകൾക്ക് തീപിടിച്ചത് നേരത്തേ തന്നെ വിവാദമായിരുന്നു

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിച്ചു. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം. 

രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓസിറ്റിംഗ് നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായതെന്നും ഗോഡൗൺ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലായാണ് പൗഡർ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെബ്സൈറ്റ് ഏറെ നേരം പ്രവർത്തനം നിലച്ചിരുന്നു.

YouTube video player