കൈക്കൂലി പണം യാത്രക്കിടെ കൈപ്പറ്റുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കെട്ടിട പെർമിറ്റ്‌ നൽകുന്നതിനു പതിനയ്യായിരം രൂപയാണ് ഇവർ കൊച്ചി വൈറ്റില സ്വദേശിയോട് ആവശ്യപ്പെട്ടത്. തൃശൂർ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് വിജിലൻസിന്റെ പിടിയിലായത്.പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കും.

കൊച്ചി വൈറ്റിലയിലുള്ള കോർപ്പറേഷൻ സോണൽ ഓഫീസിൽ ബിൽഡിംഗ് ഇൻസ്പെക്ടർ ആണ് സ്വപ്ന. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മാസങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിന് ജനുവരിയിൽ കൊച്ചി സ്വദേശി അപേക്ഷ നൽകുന്നത്. ഓരോ ആഴ്ചയും പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതെ വൈകിപ്പിച്ചു. ഒടുവിൽ പണം നൽകിയാൽ പെർമിറ്റ് തരാമെന്ന് സ്വപ്ന വ്യക്തമാക്കിയതോടെ വൈറ്റില സ്വദേശി വിജിലൻസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി.

വിജിലൻസിന്റെ നിർദ്ദേശ പ്രകാരം പണവുമായി വൈറ്റില പൊന്നുരുന്നിയിലെത്തിയ പരാതിക്കാരനിൽ നിന്ന്, കുടുംബവുമായി തൃശൂരിലെ വീട്ടിലേക്ക് പോകും വഴി കാർ നിർത്തി സ്വപ്‌ന പണം വാങ്ങി. ഇത് കണ്ട വിജിലൻസ് പൊടുന്നനെ ചാടിവീണ് സ്വപ്നയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.

നേരത്തെയും കൊച്ചി കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെയും വൈറ്റില സോണൽ ഓഫീസിലെയും ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയിരുന്നു. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 50ലക്ഷം രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന അനുഭവങ്ങൾ ഉണ്ടായാൽ വിജിലൻസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും നടപടി ഉറപ്പെന്നും വിജിലൻസ് എസ് പി വ്യക്തമാക്കി.

YouTube video player