രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ കെപിസിസി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച 15,000-ത്തിലധികം കോൺഗ്രസ് ജനപ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ തുടങ്ങിയ ദേശീയ നേതാക്കളും അണിനിരക്കും.
കൊച്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന മഹാ പഞ്ചായത്തിന് ഒരുങ്ങി കൊച്ചി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ 15000ത്തിലധികം കോൺഗ്രസ് ജനപ്രതിനിധികളാണ് കെപിസിസി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. മറൈൻ ഡ്രൈവിലെ കൂറ്റൻ പന്തലിലെയും വേദിയിലെയും ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എത്തി. രാവിലെ 11 മണിയോടെ തന്നെ വിവിധ ജില്ലകളിൽ നിന്നുള്ള ജന പ്രതിനിധികൾ സമ്മേളന നഗരിയിലേക്കെത്തി ചേരും.
വടക്കൻ ജില്ലകളിൽ നിന്നെത്തി ചേരുന്നവർ കളമശ്ശേരിയിൽ നിന്ന് കണ്ടെയ്നർ റോഡിലൂടെ വന്ന് ബോൾഗാട്ടി പാലസ് ഗ്രൗണ്ട്, ആൽഫാ ഹൊറൈസൺ കൺവെൻഷൻ സെൻ്റർ, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപവും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ വില്ലിംഗ്ടൺ ഐലൻ്റിലും, ബി ഒ ടി പാലത്തിന് സമീപവുമാണ് പാർക്ക് ചെയ്യേണ്ടത്. ഉച്ചക്ക് 12.45 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന രാഹുൽഗാന്ധി ആദ്യം പ്രൊഫ.എം ലീലാവതി ടീച്ചറുടെ വസതിയിലെത്തും. അവിടെ നിന്ന് 2 മണിയോടെ മഹാപഞ്ചായത്ത് നടക്കുന്ന സമ്മേളന നഗരിയിലും എത്തും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, സച്ചിൻ പൈലറ്റ്, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യ കുമാർ, കർണാടക ഊർജ വകുപ്പ് മന്ത്രി കെ ജെ ജോർജ് ഉൾപ്പെടെയുള്ള നേതൃനിര പങ്കെടുക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംപിമാരായ ഹൈബി ഈഡൻ ഷാഫി പറമ്പിൽ എംഎൽഎമാരായ എ പി അനിൽകുമാർ ടി.ജെ വിനോദ് ഉമ തോമസ് കെപിസിസി ഭാരവാഹികളായ വി പി സജീന്ദ്രൻബി എ അബ്ദുൾ മുത്തലിബ് ഐ കെ രാജു എം ആർ അഭിലാഷ് ദീപ്തി മേരി വർഗീസ് പി എ സലീം നെയ്യാറ്റിൻകര സനൽ എന്നിവരും മറൈൻഡ്രൈവിൽ ഉണ്ടായിരുന്നു.
