തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവർ നൽകുന്നതോടെ വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. 

ചെന്നൈ: വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ അധികാരത്തിലേറാനൊരുങ്ങുമ്പോൾ, നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ്. ടിവികെ സർക്കാരിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുറത്തുനിന്ന് പിന്തുണ നൽകും. ലീഗിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ചാലുടൻ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസിനും ഇടതുകക്ഷികൾക്കും പിന്നാലെ, ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിംലീഗും മുന്നണി വിടുകയാണ്. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് നിലവിൽ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ ഭാഗമാകണോ അതോ സ്പീക്കർ പദവി പോലുള്ള മറ്റ് സ്ഥാനങ്ങൾ ഏറ്റെടുക്കണോ എന്ന കാര്യത്തിൽ ലീഗ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. 234 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയ്ക്ക് നിലവിൽ 108 സീറ്റുകളാണുള്ളത്. ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ 118 എന്ന മാന്ത്രിക സംഖ്യ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും.