വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി
കൊച്ചി: വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ പച്ചാളം സ്വദേശി കെവിൻ ജോസഫിന്‍റെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. വിവേക് രവീന്ദ്രൻ, ശരത്, ജെഫിൻ എന്നിവരടക്കം കണ്ടാലറിയാവുന്ന ആറ് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ഇടപ്പള്ളി പള്ളിയുടെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. കെവിൻ ജോസഫിന്‍റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്‍റെ പണയ തുകയായ 1,35,000 രൂപ നൽകുന്നതിനായി പ്രതികൾ എത്തിയതായിരുന്നു. എന്നാൽ തുക കൈമാറിയതിന് ശേഷം വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളും കെവിനും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനു പിന്നാലെ പ്രതികൾ കെവിനെ മർദിക്കുകയും മറ്റ് പ്രതികളുടെ സഹായത്തോടെ ബലമായി കാറിൽ കയറ്റി കളമശേരി ഭാഗത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ വച്ച് ഇടി വള ഉപയോഗിച്ച് കെവിന്‍റെ തലയിലും ശരീരത്തിലും മർദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


