പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ
കൊച്ചി: പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ. അരൂർ അമ്മനേഴം സ്വദേശി സന്ദീപ് (31) ആണ് അറസ്റ്റിലായത്. പള്ളുരുത്തി പൊലീസ് കഴിഞ്ഞ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു. കേസിലെ രണ്ട് മുതൽ നാല് വരെ പ്രതികളായ അരൂർ സ്വദേശികളായ അഗസ്റ്റിൻ ജെറാൾഡ്, ഷാനു, പത്തനംതിട്ട സ്വദേശി ആൽവിൻ രാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനെതിരെ അരൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് മയക്കുമരുന്ന് കേസുകളും വയനാട് തൊണ്ടർനാട്, തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഓരോ മയക്കുമരുന്ന് കേസും പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം പള്ളുരുത്തി ഇൻസ്പെക്ടർ പി പി ജസ്റ്റിൻ, സബ് ഇൻസ്പെക്ടർ പ്രജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജീൻസൺ, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.


