തോപ്പുംപടിയിലെ 'പിക് എൻ സേവ്' സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ, സ്ഥാപനത്തിലെ കാഷ്യറായിരുന്ന സനമോളും മുൻ ജീവനക്കാരൻ രഞ്ജുവും അറസ്റ്റിലായി. തട്ടിപ്പ് മനസിലാക്കി വിദേശത്തേക്ക് കടന്ന സനമോൾ, നേപ്പാൾ വഴി തിരിച്ചെത്തിയപ്പോൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തോപ്പുംപടി: തോപ്പുംപടിയിലെ 'പിക് എൻ സേവ്' സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികളെ തോപ്പുംപടി പോലീസ് പിടികൂടി. സ്ഥാപനത്തിലെ കാഷ്യറായിരുന്ന മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സൂപ്പർമാർക്കറ്റിൽ 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്ന സനമോൾ, ദിവസേന ക്യാഷ് കൗണ്ടറിൽ നിന്ന് പണം കവർന്നിരുന്ന സനമോൾ, തുക കൂട്ടുപ്രതിയായ രഞ്ജുവിന് കൈമാറുകയും ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയുമായിരുന്നു. സൂപ്പർമാർക്കറ്റിലെ ആകെ വിൽപ്പനയും വരുമാനവും തമ്മിലുള്ള അന്തരം മനസിലാക്കിയ ഉടമയ്ക്ക് സനമോളോട് സംശയം തോന്നുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തു. പിന്നീട് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു. പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ വിമാനത്താവളങ്ങൾ ഒഴിവാക്കി നേപ്പാൾ വഴിയാണ് സനമോൾ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നാണ് വിവരം. ഇവർ കൊച്ചിയിൽ തിരിച്ചെത്തിയതായി രഹസ്യവിവരം ലഭിച്ച പോലീസ് ഉടൻ തന്നെ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം, മട്ടാഞ്ചേരി എ.സി.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. തോപ്പുംപടി എസ്.എച്ച്.ഒ ആനന്ദ് കെ.പി.യുടെ നേതൃത്വത്തിൽ എസ്.ഐ അനന്തു രമേഷ്, സീനിയർ സിപിഒമാരായ സുധീഷ് എസ്, സിജു വർഗ്ഗീസ്, സിപിഒ ജോസഫ് ടി.ജെ., വനിത സിപിഒ പ്രിയ പി. എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.