കൊല്ലം കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ പൊലീസുകാരന് മര്‍ദ്ദനം.
കൊല്ലം: കൊല്ലം കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ പൊലീസുകാരന് മര്‍ദ്ദനം. കോടതി വളപ്പിൽ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാർ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം. പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിച്ചു. വാക്കിടോക്കിക്കും കേടുപാടുണ്ടായി.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് നടപടിക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകർ തടഞ്ഞു വച്ചു.
അതേസമയം അക്രമത്തിൽ പങ്കില്ലെന്നാണ് കൊല്ലം ബാർ അസോസിയേഷന്റെ പ്രതികരണം. എന്നാൽ അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കും വരെ കോടതി ബഹിഷ്കരിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി. അതേസമയം അഭിഭാഷകനായ ജയകുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
