Asianet News MalayalamAsianet News Malayalam

ജനങ്ങൾക്ക് ഇരുട്ടടി, കൊല്ലത്ത് കോടതികൾ സ്തംഭിപ്പിച്ച് അഭിഭാഷക‍ര്‍,സമരം പൊലീസ്-അഭിഭാഷക ത‍ര്‍ക്കത്തിന് പിന്നാലെ

അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടായില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ് നൽകി

kollam bar association strike after police lawyers fight
Author
First Published Sep 13, 2022, 4:22 PM IST

കൊല്ലം : അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ കോടതികൾ സ്തംഭിച്ചു. അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടായില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ് നൽകി. മറുവശത്ത് പൊലീസിനെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും.

കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബാർ അസോസിയേഷൻ ഇന്നലെ മുതൽ കോടതി നടപടികൾ ബഹിഷ്കരിച്ചത്. കൊല്ലം കോടതി സമുച്ചയത്തിലെ 22 കോടതികളും പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കടയ്ക്കൽ, ചവറ, പരവൂര്‍ എന്നീ സബ് കോടതികളിലേയും അഭിഭാഷകർ സമരത്തിലാണ്.

റിമാന്റ് കാലാവധി കഴിഞ്ഞ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് മാത്രം വീഡിയോ കോണ്‍ഫറൻസിലൂടെ നടക്കുന്നുണ്ട്. സിവിൽ കേസുകളിൽ കോടതി നടപടികൾക്ക് കാത്തിരിക്കുന്ന സാധാരണക്കാർക്കാണ് സമരം ഇരുട്ടടിയായത്.  അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ബാർ അസോസിയേഷന്റെ തീരുമാനം. 

അതേ സമയം, കോടതി വളപ്പിൽ വെച്ച് പൊലീസിനെ ആക്രമിക്കുകയും ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപടിലാണ് പൊലീസും. സംഭവത്തിൽ 65 പേര്‍ക്കെതിരെയാണ് വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. സംഘര്‍ഷത്തിൽ പരിക്കേറ്റ പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios