കൊല്ലത്ത് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.

ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ അധികൃതരുടെ അനാസ്ഥയുടെ ഇരയായി മരിച്ചത്. അതിദരിദ്രമായ കുടുംബസാഹചര്യത്തിൽ നിന്ന് മോചനം തേടിയാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകൻ അപ്രതീക്ഷിതമായ അപകടത്തിൽ മരിച്ചത്.

തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറിയ കുട്ടി, തെന്നി വീഴാൻ പോയപ്പോൾ അബദ്ധത്തിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണി മുതൽ സ്കൂളിൽ മിഥുൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കാരം നടക്കും. 

YouTube video player