പത്തനാപുരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാജഹാൻ തൻ്റെ വാഗ്ദാനം പാലിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് വാക്കുനൽകിയതുപോലെ, സ്വന്തം പണം മുടക്കി സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ച് നൽകി
കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി ജനവിധി തേടിയപ്പോൾ ജയിക്കുമെന്ന് തന്നെയായിരുന്നു ഷാജഹാൻ്റെ പ്രതീക്ഷ. എന്നാൽ ഫലം മറിച്ചായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് അഞ്ച് കുടുംബങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. സ്വന്തം പണം കൊണ്ട് സ്ഥലംവാങ്ങി മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കി നൽകി.
പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി യുഡിഎഫിന് വേണ്ടിയാണ് മാങ്കോട് ഷാജഹാൻ ജനവിധി തേടിയത്. വാശിയേറിയ പോരാട്ടത്തിൽ പക്ഷെ, അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥി കെപി രാജു 447 വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ, 316 വോട്ട് നേടിയ സിപിഎം സ്ഥാനാർത്ഥി എച്ച് സൈനുദ്ദീനും പുറകിൽ 282 വോട്ട് നേടിയ ഷാജഹാൻ മൂന്നാമനായി. ആകെ അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡിൽ അവസാന സ്ഥാനക്കാർക്ക് ഏഴും ആറും വോട്ട് മാത്രമാണ് നേടാനായത്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് വഴിയുണ്ടാക്കി നൽകുമെന്ന് ഷാജഹാൻ വാക്കുപറഞ്ഞതാണ്. ഇതിനായി നേരത്തെ തന്നെ സ്ഥലം വാങ്ങിയിരുന്നു. ഫലം വന്നതിന് പിന്നാലെ മൂന്നാം സ്ഥാനത്താണെന്ന് അറിഞ്ഞ് നിരാശനാകാതെ, 50 മീറ്ററിൽ നീളത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തു. ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി. വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത് ചെയ്തതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.
പഞ്ചായത്തിൽ പത്ത് സീറ്റ് നേടി യുഡിഎഫ് അധികാരം പിടിച്ചു. എൽഡിഎഫ് ഏഴ് സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രനും ഓരോ സീറ്റുകളിൽ വീതം എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളും വിജയിച്ചു. പഞ്ചായത്ത് ഭരണം യുഡിഎഫ് ഉറപ്പിച്ചു.


