കോഴിക്കോട്: കൂടുതല്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ്. സയനൈഡ് ഉപയോഗം രണ്ടുപേര്‍ക്ക് കൂടി അറിയാമായിരുന്നുവെന്നും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥലത്തെ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീക്ക് വേണ്ടിയെന്ന് പറഞ്ഞാണ് ജോളി തന്നോട് സയനൈഡ് ആവശ്യപ്പെട്ടതെന്ന് പിടിയിലായ മാത്യു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് പറഞ്ഞത്.  എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരുംദിവസങ്ങളില്‍ പൊലീസ് നടത്തും. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പ് തന്നെയാണ് സയനൈഡ് വാങ്ങിനല്‍കിയതെന്നും മാത്യു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

കൂടത്തായിയിലെ കൂട്ടകൊലപാതക പരമ്പരയ്ക്ക് പുറമേ മൂന്ന് കൊലപാതക ശ്രമങ്ങളും ജോളി നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൂടുതല്‍ കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ് സംഘം. ജോളി എന്ന വീട്ടമ്മ ഒരു ക്രിമിനല്‍ ബുദ്ധിയോടെ കാര്യങ്ങള്‍ നീക്കിയിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നു. സുഹൃത്ത് ജയശ്രീയുടേയും ആദ്യ ഭര്‍ത്താവിന്‍റെ സഹോദരി രഞ്ചിയുടേയും പെണ്‍മക്കളെ കൊല്ലാന്‍ ശ്രമിച്ചത് ഈ ക്രിമിനല്‍ ബുദ്ധിയാണ്. രഞ്ചിയെ കൊല്ലാനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാവരും എങ്ങനെയോ രക്ഷപ്പെട്ടു.

Read More: മാനസിക-ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു; ആശുപത്രിയില്‍ ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ ജീവനക്കാ...

പെണ്‍കുട്ടികള്‍ ഇല്ലാത്തതില്‍ ജോളിക്ക് വിഷമമുണ്ടായിരുന്നുവത്രെ. ഇതില്‍ നിന്നുണ്ടായ വൈരാഗ്യത്തിലാണ് രണ്ട് പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ സയനൈഡിന്‍റെ അംശം കുറഞ്ഞതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. ഛര്‍ദ്ദിച്ച് അവശരായ കുട്ടികളെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് രക്ഷപ്പെടുത്താനായത്. ജോളി കൂടുതല്‍ കൊലപാതക ശ്രമങ്ങള്‍ നടത്തിയെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ആവശ്യമെങ്കില്‍ പ്രത്യേക എഫ്ഐആര്‍ ഇട്ട് തന്നെ അന്വേഷണം നടത്തും.

ജോളിയുടെ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ  സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെ മനോജ് പറയുന്നത് ജോളി തന്നെ ചതിച്ചതാണെന്നാണ്.  ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താൻ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണെന്നാണ് മനോജ് പറഞ്ഞത്. എൻഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവർ എൻഐടി അധ്യാപികയാണെന്ന് തന്നെയാണ്. 2007-ൽ ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കും ഒപ്പം ജോളി സ്ഥലം നോക്കാൻ എൻഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 

Read More:'ജോളി ചതിച്ചു, ഒപ്പിട്ടത് വെള്ളക്കടലാസിൽ, പരിചയപ്പെട്ടത് 2007-ൽ', തുറന്ന് പറഞ്ഞ് സിപിഎം നേതാവ്...

ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ലീഗ് നേതാവ് ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിച്ചു. എന്നാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജ് ഓഫീസില്‍ നിന്ന് പറഞ്ഞെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്‍ദീൻ പറയുന്നു. ലീഗിന്‍റെ ശാഖാ പ്രസിഡന്‍റാണ് ഇമ്പിച്ചി മൊയ്‍ദീൻ. 

Read More: 'ജോളിയിൽ നിന്ന് പണം വാങ്ങി, ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു': സമ്മതിച്ച് ലീഗ് പ്രാദേശിക നേതാവ്...

അതേസമയം കേസിലെ തെളിവ് ശേഖരണം വെല്ലുവിളിയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞത്. മൃതദേഹത്തിൽ സയനൈഡിന്‍റെ അംശം സ്ഥിരീകരിക്കാനായി സാംപിളുകൾ വിദേശത്ത് പരിശോധനയ്ക്ക് അയക്കുമെന്നും ഡിജിപി പറഞ്ഞു.  നാടിനെ നടുക്കിയ കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളി ഏറെയാണ്. വർഷങ്ങൾ പഴക്കമുള്ള കൊലപാതകങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്നം.

പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്. വിദേശ ലാബുകളുടെ സഹായം തേടുന്നുണ്ടെങ്കിലും സാഹചര്യതെളിവുകൾ ഇനിയും ശേഖരിക്കാൻ കഴിഞ്ഞാൽ കേസ് ശക്തമാകുമെന്നാണ് പൊലീസ് മേധാവിയുടെ നിലപാട്. പരാതിക്കാരനും മരിച്ച റോയ് തോമസിന്‍റെ സഹോദരനുമായ റോജോയെ വിദേശത്ത് നിന്ന് വിളിച്ച് വരുത്തും. അന്വേഷണ സംഘം വിപുലീകരിക്കും, പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം മാത്രം കൂടുതൽ അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിനറെ തീരുമാനം. 

Read More : തഹസിൽദാർ ജയശ്രീയുടെ മകളെയടക്കം രണ്ട് പെൺകുട്ടികളെ കൂടി ജോളി കൊല്ലാൻ ശ്രമിച്ചെന്ന് പൊലീസ്...