കൂടത്തായി: കൂടത്തായി കൊലപാതകക്കേസില്‍ പ്രതി ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. നവംബർ 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇതിനായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിക്ക് മുമ്പാകെ ഹാജരാവാൻ നിർദ്ദേശം നല്‍കി. ഇതോടൊപ്പം ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടേയും മൊഴി രേഖപ്പെടുത്തും. ജോളിയുടെ മക്കളുടെ മൊഴി നവംബർ ഒന്നിനും സിജോയുടെ മൊഴി നവംബർ രണ്ടിനുമാണ് രേഖപ്പെടുത്തുക. 

അതിനിടെ ജോളിയെ താമരശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. ആൽഫൈൻ കൊലപാതക കേസിലെ പൊലീസ് കസ്റ്റഡി അപേക്ഷയും സിലി കൊലപാതകത്തിലെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഷാജുവിന്‍റെയും സിലിയുടെയും മകൾ ആൽഫൈന്‍റെ കൊലപാതക കേസില്‍ ഇന്നലെയാണ് ജോളിയെ അറസ്റ്റ് ചെയ്തത്. 

കൂടത്തായി; സിലി കൊലക്കേസിൽ മാത്യു വീണ്ടും അറസ്റ്റില്‍

തിരുവമ്പാടി സിഐ ഷാജു ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആൽഫൈന്‍റെ മരണം അന്വേഷിക്കുന്നത്. തുടക്കത്തിൽ അഞ്ച് കൊലപാതകങ്ങൾ ചെയ്തുവെന്ന് സമ്മതിച്ച ജോളി ആൽഫൈനെ കൊന്നത് താനല്ലെന്ന് വാദിച്ചിരുന്നു. എന്നാൽ മകൻ റോമോയോട് സിലിയെയും ആൽഫൈനെയും കൊന്നത് താന്‍ തന്നെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോമോ ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിഞ്ഞു.