Asianet News MalayalamAsianet News Malayalam

മകളെയും ഭാര്യയെയും കൊന്നതാണെന്ന് അറിയാമായിരുന്നു; ജോളിയെ പേടിച്ച് മകന്റെ സ്കൂൾ മാറ്റിയെന്നും ഷാജു

ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു.

Koodathai murders shajus statement against jolly
Author
Kozhikode, First Published Oct 7, 2019, 1:44 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഷാജുവിന്‍റെ മൊഴി പുറത്ത്. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു മൊഴി നല്‍കി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് വിവരം. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു...അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു പൊലീസിനെ അറിയിച്ചു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും ഷാജു മൊഴി നല്‍കി. എന്നാൽ ഓമശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എന്തുകൊണ്ട് തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെത്തിച്ചില്ല  എന്ന ചോദ്യത്തിന് ഷാജു മൗനമായിരുന്നു.

ഒന്നരമണിക്കൂർ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ ഷാജുവിനെതിരെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാജുവിനെ ഇപ്പോള്‍ വടകര എസ് പി ഓഫീസിലേക്ക് എത്തിച്ചിരിക്കുകയാണ്. എസ്പി ഉടൻ ഷാജുവിനെ ചോദ്യം ചെയ്യും. ഷാജുവിന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്‍റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു ഉണ്ടായിരുന്നത്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിരുന്നില്ല. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശന പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രദേശത്ത് പൊലീസിന്‍റെ സജീവസാന്നിധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്. 

ഷാജുവിനെതിരെ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ഇങ്ങനെ...

ഷാജുവിന്‍റെ ആദ്യഭാര്യയായ സിലിയും രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം ഷാജുവിനെ താന്‍ അറിയിച്ചിരുന്നുവെന്നാണ് ജോളിയുടെ മൊഴി. അവൾ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്‍റെ പ്രതികരണം. തനിക്ക് ദുഃഖമില്ലെന്നും ഇത് ആരും അറിയരുതെന്ന് ഷാജു പറഞ്ഞെന്നും ജോളി മൊഴി നല്‍കിയെന്നുമാണ് വിവരം. 

Also Read: ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് നേരത്തെ അറിയാമെന്ന് വെളിപ്പെടുത്തല്‍ 

അതേസമയം, ജോളിയുടെ സൗഹൃദവലയത്തിലുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച പരമാവധി തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുകയാണ്. വ്യാജ വില്‍പത്രം ഉണ്ടാക്കിയത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ജോളിയുടെ ഉന്നതബന്ധങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. 

Also Read: ജോളിക്ക് ഉന്നതബന്ധങ്ങള്‍: സിപിഎം-ലീഗ് നേതാക്കളടക്കം നിരീക്ഷണത്തില്‍

Follow Us:
Download App:
  • android
  • ios