കോട്ടയം പ്രസ്ക്ലബ് വീഡിയോ ജേണലിസ്റ്റ് അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ക്യാമറമാൻ അക്ഷയ് എഎസിന്
ഏഷ്യാനെറ്റ് ന്യൂസിൽ 2023 ജൂൺ 11 ന് സംപ്രേക്ഷണം ചെയ്ത ആധാർ ഇതുവരെ ലഭിക്കാത്ത അരവിന്ദ് എന്ന വിദ്യാർത്ഥിയുടെ ദുരിതത്തെക്കുറിച്ചുള്ള വാർത്തയുടെ ദൃശ്യാവതരണത്തിലെ മികവാണ് അക്ഷയെ പുരസ്കാരത്തിന് അർഹനാക്കിയത്.

കോട്ടയം: കോട്ടയം പ്രസ്ക്ലബ് വീഡിയോ ജേണലിസ്റ്റ് അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ക്യാമറമാൻ അക്ഷയ് എ എസിന്. ഏഷ്യാനെറ്റ് ന്യൂസിൽ 2023 ജൂൺ 11 ന് സംപ്രേക്ഷണം ചെയ്ത ആധാർ ഇതുവരെ ലഭിക്കാത്ത അരവിന്ദ് എന്ന വിദ്യാർത്ഥിയുടെ ദുരിതത്തെക്കുറിച്ചുള്ള വാർത്തയുടെ ദൃശ്യാവതരണത്തിലെ മികവാണ് അക്ഷയെ പുരസ്കാരത്തിന് അർഹനാക്കിയത്. മുതിർന്ന മാധ്യമ പ്രവർത്തകരായ സിഎൽ തോമസ്, പിജെ ചെറിയാൻ എന്നിവരുടെ ജൂറിയാണ് വിജയിയെ തfരഞ്ഞെടുത്തത്. അടുത്ത മാസം 14ന് കോട്ടയം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാറ്റോഗ്രാഫർ സണ്ണി ജോസഫ് വിജയിക്ക് പുരസ്കാരം സമ്മാനിക്കും.
വിതുര സ്വദേശിയായ അരവിന്ദ്, മീനാങ്കൽ ട്രൈബൽ വിദ്യാലയത്തിലെ വിദ്യാത്ഥിയായിരുന്നു. 2016 ൽ ആധാർ ലഭിക്കാനായി രജിസ്റ്റർ ചെയ്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ആധാർ നമ്പർ ലഭിക്കാതെ ഇരിക്കുകയായിരുന്നു. ഇതു കാരണം കുടുംബത്തിന്റെ ബിപിഎൽ റേഷൻ കാർഡിൽ നിന്നും പുറത്തായ അരവിന്ദിന് സ്കൂൾ അഡ്മിഷൻ ലഭിക്കാനും തടസ്സങ്ങൾ നേരിട്ടിരുന്നു. നാട്ടുകാരായ ടീച്ചർമാരുടെ സഹായത്തോടെയാണ് അരവിന്ദ് ഏഴാം ക്ലാസ് വരെ പഠിച്ചത്.
എന്നാൽ എട്ടാം ക്ലാസിൽ അഡ്മിഷന് വീണ്ടും തടസ്സം നേരിട്ടതോടെ, അധ്യാപകരുടെ കാരുണ്യത്തിലാണ് അഞ്ച് കിലോ മീറ്റർ അകലെയുള്ള മീനാങ്കൽ ട്രൈബൽ സ്കൂളിൽ അരവിന്ദ് ചേർന്നത്. അരവിന്ദിന് ബസിൽ പോകാൻ കൺസെഷൻ കാർഡും ലഭിക്കാതെ വന്നു. ഈ ദുരിതമായിരുന്നു അക്ഷയ് തന്റെ ക്യാമറകണ്ണുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.