Asianet News MalayalamAsianet News Malayalam

'ലക്ഷ്യം മോഷണം മാത്രമായിരുന്നില്ല', വീട്ടമ്മയുടെ മരണത്തില്‍ ഒന്നിലധികം പേരുടെ പങ്ക് സംശയിക്കുന്നതായി പൊലീസ്

കുടുംബത്തിന്‍റെ പണ ഇടപാടുകളെക്കുറിച്ചും മരണത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്

kottayam sheeba sali murder case
Author
Kottayam, First Published Jun 3, 2020, 12:00 PM IST

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് കോട്ടയം എസ്പി. കൊലപാതകത്തിൽ ഒന്നിലധികം പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇത് പരിശോധിക്കുകയാണെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. 

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട് . കുടുംബത്തിന്‍റെ പണ ഇടപാടുകളെക്കുറിച്ചും മരണത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈൽ ഫോൺ വീടിന്‍റെ സമീപത്ത് നിന്ന് കണ്ടെടുത്തു. അതേ സമയം ഷീബയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണിതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതും ദുരൂഹതയുണ്ടാക്കുന്നു. 

കോട്ടയം വേളൂരിൽ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണുള്ളത്. രണ്ട് നിലയുള്ള ഷാനി മൻസിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്.

കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരൻ ഷാനി മൻസിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്. 

 

 

Follow Us:
Download App:
  • android
  • ios