Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഭക്ഷ്യവിഷബാധാ സംഭവങ്ങൾ ആവർത്തിക്കുന്നു; കാറ്ററിങ്ങിനടക്കം നിയന്ത്രണവുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

നരിക്കുനിയിൽ വിവാഹസൽക്കാരത്തിൽ  പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. നേരത്തെ ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയുണ്ടായതും കാറ്ററിംഗുകാർ നൽകിയ ഭക്ഷണത്തിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു.

Kozhikode food poisoning incidents recur Department of Food Safety with control over catering
Author
Kerala, First Published Nov 15, 2021, 7:43 PM IST

കോഴിക്കോട്: ജില്ലയിൽ ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ( food poisoning )  സാഹചര്യത്തിൽ  നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്(food safety department). കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ ഫ്രീസറിൽ രണ്ട് ദിവസങ്ങൾ എങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ പരിശോധനക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ   എംടി ബേബിച്ചൻ ഉത്തരവിട്ടു..

നരിക്കുനിയിൽ വിവാഹസൽക്കാരത്തിൽ  പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. നേരത്തെ ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയുണ്ടായതും കാറ്ററിംഗുകാർ നൽകിയ ഭക്ഷണത്തിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണ പദാർത്ഥങ്ങൾ രണ്ട് ദിവസത്തേക്ക് ഫ്രീസറിൽ സൂക്ഷിച്ച് ആവശ്യം വന്നാൽ ഹാജരാക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നിർദ്ദേശം നൽകുന്നത്. 

ജില്ലയിലെ എല്ലാ കാറ്ററിംഗ് യുണിറ്റുകളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. അതേസമയം കുഞ്ഞ് മരിച്ചതിനെ തുടർന്ന്  ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത രണ്ട് സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കുഞ്ഞ് മരിച്ചയുടനെ തന്നെ രണ്ട് സ്ഥാപനങ്ങളും പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. 

വരന്റെ ഗൃഹത്തിൽ രാത്രി ഏഴ് മണിയോടെ നടന്ന വിരുന്നിൽ മന്തി, മയോണിസ്, ചിക്കൻ എന്നിവ വിതരണം ചെയ്ത ഫാസ്റ്റ് ബർഗർ എന്ന കാറ്ററിങ് യൂണിറ്റിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി. വരന്റെ ഗൃഹത്തിൽ നിന്നും കാറ്ററിങ് യൂണിറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഉച്ചക്ക് വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി നൽകിയ ഫുഡ് പാക്കറ്റിനകത്ത് ചിക്കൻ റോൾ, കേക്ക്, മധുരം എന്നിവ വിതരണം ചെയ്തിരുന്നു. 

ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേക്ക് തയ്യാറാക്കിയ നവീൻ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ഒന്നും തന്നെ പരിശോധനയ്ക്കായി ലഭ്യമായിട്ടില്ല.ഭക്ഷ്യവിഷബാധക്കിരയായവരുടെ രക്ത സാംപിളുകൾ തുടർ പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചു. 

Follow Us:
Download App:
  • android
  • ios