ഹരിയാനയിലെ പാനിപ്പത്തിൽ, തന്നെക്കാൾ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറ് വയസുള്ള മരുമകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. വിവാഹച്ചടങ്ങിനിടെ വെള്ളത്തിൽ മുക്കിയാണ് കൊല നടത്തിയത്. 

പാനിപത്ത്: തന്നെക്കാൾ സൗന്ദര്യം മറ്റാർക്കും ഉണ്ടാകരുത് എന്ന വിചിത്രമായ കാരണത്തെ തുടർന്ന് ആറ് വയസുള്ള മരുമകളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ പൂനം വിവാഹ ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ ഒത്തുകൂടിയ സമയത്താണ് മരുമകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഈ യുവതി നേരത്തെ സ്വന്തം മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളെയും ഇതേ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക രീതി

വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സോനിപ്പത്തിൽ താമസിക്കുന്ന വിധി എന്ന കുട്ടിയും കുടുംബവും പാനിപ്പത്തിലെ ഇസ്രാന ഏരിയയിലുള്ള നൗൽത്ത ഗ്രാമത്തിലെ ബന്ധുവിന്‍റെ വീട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ വിവാഹ ഘോഷയാത്ര നൗൽത്തയിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ അതിനൊപ്പം പോയി.

കുറച്ച് കഴിഞ്ഞപ്പോൾ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് അച്ഛന് ഫോൺ വന്നു. തുടർന്ന് കുടുംബം തെരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം വിധിയുടെ മുത്തശ്ശി ഓംവതി ബന്ധുവിന്‍റെ വീടിന്‍റെ ഒന്നാം നിലയിലുള്ള സ്റ്റോർ റൂമിൽ നോക്കി. പുറത്ത് നിന്ന് താഴിട്ടിരുന്ന സ്റ്റോർ റൂമിന്‍റെ വാതിൽ തുറന്നപ്പോൾ വിധിയെ ഒരു വെള്ളത്തൊട്ടിയിൽ തല മാത്രം മുങ്ങിയ നിലയിൽ കാലുകൾ നിലത്തുവെച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ എൻസി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിധി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് കുട്ടിയുടെ അച്ഛൻ പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

ക്രൂരമായ കൊലപാതക പരമ്പര

അസൂയയും വിദ്വേഷവുമാണ് പൂനത്തെ ഈ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെക്കാൾ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയിൽ നിന്നാണ് കുട്ടികളെ മുക്കിക്കൊല്ലുന്ന ഒരു രീതി പൂനം പിന്തുടർന്നത്. പ്രത്യേകിച്ച്, ചെറുപ്പവും സൗന്ദര്യവുമുള്ള പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. സമാന സാഹചര്യങ്ങളിൽ നാല് കുട്ടികളെ മുക്കി കൊന്നതായി പൂനം സമ്മതിച്ചു. മൂന്ന് പെൺകുട്ടികളും സ്വന്തം മകനും ഇതിൽ ഉൾപ്പെടുന്നു.

2023ൽ പൂനം തന്‍റെ സഹോദരന്‍റെ മകളെ കൊന്നു. അതേ വർഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയിൽ വെള്ളത്തിൽ മുക്കി കൊന്നു. 2024 ഓഗസ്റ്റിൽ തന്നേക്കാൾ അഴകുള്ളവളായതിനാൽ സിവാ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പൂനം കൊലപ്പെടുത്തി. കൊലപാതക പരമ്പരയുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.