സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപിന് മേയർ ബീന ഫിലിപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ബോധ്യപ്പെട്ടതോടെയായിരുന്നു സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കോഴിക്കോടും വയനാട് നെന്മേനിയിലും ഉള്ള വീടുകളിലും ഹോംസ്റ്റയിലും നടത്തിയ 14 മണിക്കൂർ നീണ്ട പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യത്തിന്‍റെ തെളിവുകളും രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
ചക്കോരത്ത് കുളത്തെ ഫ്ലാറ്റിൽ നിന്ന് നാലര ലക്ഷത്തോളം രൂപയും 27 പവനും സ്വർണവും കണ്ടെത്തിയപ്പോൾ വയനാട്ടിലെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പണമായും വസ്തുവകകൾ സംബന്ധിച്ച് നിരവധി രേഖകളും പിടികൂടി. അഴിമതി നിരോധന നിയമപ്രകാരം ദിലീപിനെതിരെ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് വിജിലൻസ്.
അതേസമയം, നാലുവർഷമായി സൂപ്രണ്ടിംഗ് എൻജിനീയർ ചുമതലയിലുള്ള ദിലീപ് സത്യസന്ധമായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നാണ് തന്‍റെ ബോധ്യമെന്ന് ബീന ഫിലിപ്പ് പറയുന്നു. അതിനിടെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് കോഴിക്കോട് കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് ഉപരോധ സമരം നടത്തി. സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല കോർപ്പറേഷനിൽ നടക്കുന്ന ക്രമക്കേടുകളിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും നേരിട്ട് പങ്കുള്ളതായി ആരോപിച്ചു. ഇന്ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു ദിലീപിനെതിരെ വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തതും പരിശോധനയും മറ്റ് നടപടികളും തുടങ്ങിയതും.


