വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് പാളയം യൂണിറ്റ് ജനറൽ സെക്രട്ടറി വെങ്കിടേഷിനെ കല്ലായി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം കല്ലായി പുഴയിൽ കണ്ടെത്തി. പാളയത്തെ യൂണിറ്റ് ജനറൽ സെക്രട്ടറി വെങ്കിടേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കല്ലായി പുഴയിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി വെള്ളത്തിൽ നിന്ന് മൃതദേഹം കരക്കെത്തിച്ചു. പൊലീസിന് കൈമാറിയ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് വെങ്കിടേഷാണെന്ന് വ്യക്തമായത്. എങ്ങനെയാണ് മരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



