ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. 

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതിൽ രമേശ് ചെന്നിത്തലക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. അതേ സമയം മുതിർന്ന നിയമസഭാ അംഗമെന്ന നിലയിലാണ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം തുടങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം. 

നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി ശമിച്ചെന്ന് കരുതിയാൽ തെറ്റി. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്‍റെ പരാതി. 

നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിമർശനം. പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തുനിന്നും മാറിയ മുൻഗാമികൾ തുടരാത്ത ശൈലിയാണിതെന്ന പരാതിയാണ് നേതൃത്വത്തിന്. 

ലോകായുക്ത ഓ‌ർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് അതൃപ്തി രൂക്ഷമായത്. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്‍ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കേണ്ടതെന്നാണ് നേതൃത്വം പറയുന്നത്.

ശൈലിയിലെ അതൃപ്തി നേരിട്ട് ചെന്നിത്തലയെ തന്നെ അറിയിക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. അതേസമയ, ലോകായുക്ത ഓർഡിനൻസിനെ എതിർക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്തതാണെന്ന് ചെന്നിത്തല അനുകൂലികൾ വിശദീകരിച്ചു. മുതിർന്ന അംഗമെന്ന നിലയിലാണ് നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞത്. 

ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കെ സതീശൻ പല പ്രമേയങ്ങൾ കൊണ്ടുവന്നതും സർക്കാറിനെതിരെ സ്പീക്കർക്ക് പരാതി നൽകിയതും ചെന്നിത്തലയെ പിന്തുണക്കുന്നവർ എടുത്തുപറയുന്നു. പുതിയ വിവാദം സഭാ സമ്മേളനം വരാനിരിക്കെ ഭരണപക്ഷത്തിന് അനാവശ്യമായ ആയുധം നൽകിയെന്ന വിമർശനവും ചെന്നിത്തല അനുകൂലികൾ ഉന്നയിക്കുന്നുണ്ട്. സമവായത്തോടെ പാർട്ടി പുനഃസംഘടന പുരോഗമിക്കുന്നതിനിടെയുണ്ടായ പുതിയ വിവാദം സംസ്ഥാന കോൺഗ്രസ്സിലെ ഭിന്നത ഒന്ന് കൂടി വെളിവാക്കുന്നതാവുകയാണ്.