Asianet News MalayalamAsianet News Malayalam

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും; പുനഃസംഘടന, തരൂർ വിവാദം, കെപിസിസി ട്രഷറുടെ മരണം എന്നിവ ചർച്ചയാകും

കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കൾ ഇന്ദിര ഭവൻ കേന്ദ്രീകരിച്ച് പരാതി നൽകിയതും ചർച്ചയാകും.

KPCC meeting will start today
Author
First Published Jan 11, 2023, 6:33 AM IST

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതിൽ നേതൃത്വത്തിനു എതിരായ വിമർശനം ഉണ്ടാകും. തരൂർ വിവാദവും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതും ചർച്ചയാകും. താഴെ തട്ട് മുതൽ കെപിസിസി പുനഃസംഘടന വരെ വൈകിയിരിക്കുകയാണ്. ബൂത്ത് തലം മുതൽ ഉള്ള പുനഃസംഘടന വേഗത്തിലാക്കാൻ തീരുമാനം ഉണ്ടാകും. കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കൾ ഇന്ദിര ഭവൻ കേന്ദ്രീകരിച്ച് പരാതി നൽകിയതും ചർച്ചയാകും.

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ, ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് പറയുന്നുമുണ്ട്.  

Read More : 'എംപിമാര്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കും'; കോണ്‍ഗ്രസ് അക്കാര്യം തീരുമാനിക്കുമെന്ന് ശശി തരൂര്‍

Follow Us:
Download App:
  • android
  • ios