Asianet News MalayalamAsianet News Malayalam

'സുരേന്ദ്രാ... ആളും തരവും നോക്കി കളി'; സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിയിട്ടില്ല: സുധാകരൻ

എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും

kpcc president k sudhakaran against bjp state chief k surendran on comments on him
Author
First Published Nov 15, 2022, 3:34 PM IST

കണ്ണൂര്‍: തന്റെ മനസ് ബിജെപിക്കൊപ്പമാണെന്ന  കെ സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും.

തന്‍റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണെന്നും സുധാകരന്‍ പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരു പോലെ ഭയന്നു.

ബിജെപിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി -സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്‍റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നത്. കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്‍റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ  തള്ളിക്കളയുന്നു. 

ഇഡിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവരല്ല സുരേന്ദ്രാ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍. ഇഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും  അനുയായികളാണ് കോണ്‍ഗ്രസുകാര്‍. ബിജെപിയെ സുഖിപ്പിക്കാന്‍ അമിത്ഷായെ  ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വള്ളം കളിക്ക് തങ്ങള്‍ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി- സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിക്ക് ശിരസ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്. 'സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം 'എന്നേ പറയാനുള്ളൂ. ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരൻ്റെ മനസ്സ് ബിജെപിക്കൊപ്പം, കോൺഗ്രസിന് വേറെ വഴിയില്ലെന്നും കെ സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios