കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു.

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇന്ത്യ മുന്നണി ആത്മാവ് വരുന്നതേ ഉള്ളൂ. എത്ര കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസനും പ്രതികരിച്ചു. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്‍റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: കേരളത്തിൽ ബിജെപി അഞ്ചോ ആറോ സീറ്റ് നേടും; എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം നേടുമെന്ന് സുരേന്ദ്രൻ

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും. അത് വോട്ട് എണ്ണിയാൽ അത് തീരുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം