Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി, നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ

കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ 

KSRTC buses cannot be wrapped with advertisements, says High Court 
Author
First Published Oct 20, 2022, 7:04 PM IST

കൊച്ചി: കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ മറുപടി. അതേസമയം പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത് എന്ന് സർക്കാർ അറിയിച്ചു.. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് വിഷയം നാളെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി. 

കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം പരസ്യങ്ങൾ പാടില്ല. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം. നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിവ്യൂ ഹർജി നൽകി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്.


 

Follow Us:
Download App:
  • android
  • ios