Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ശമ്പളം:ഹർജി ഇന്ന് ഹൈക്കോടതിയിൽ,മന്ത്രിതല ചർച്ചയെക്കുറിച്ച് അറിയിക്കാൻ സർക്കാർ

നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു

ksrtc crisis, Petition in High Court today
Author
First Published Aug 24, 2022, 6:50 AM IST

കൊച്ചി : ശമ്പളം കൃത്യമായി ലഭിക്കാൻ നടപടി അവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരും സംഘടനകളും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ശമ്പള വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിതല ചർച്ചയുടെ വിശദാംശങ്ങൾ കെ.എസ്.ആർ ടി.സി ഇന്ന് കോടതിയെ അറിയിക്കും. നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സി.എം.ഡിയ്ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു.ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെ എസ് ആർ ടി സി കോടതിയെ അറിയിച്ചത്

കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി: മൂന്നാം വട്ട ചര്‍ച്ചയും പരാജയം, അധികവേതനം വേണമെന്ന് സിഐടിയു

കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ - ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയിൽ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ടിഡിഎഫും ഐഎൻടിയുസിയും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്. 

ശമ്പളം വിതരണം, യൂണിയൻ പ്രൊട്ടക്ഷൻ, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആൻ്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തൽ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകൾക്ക് തയ്യാറാണെന്നും തൊഴിൽ മന്ത്രി ശിവൻകുട്ടി അറിയിച്ചു. 

അതേസമയം സിംഗിൾ ഡ്യൂട്ടിയിൽ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്കാരമെന്ന പേരിൽ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും കെഎസ്ആര്‍ടിസി സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ടിഡിഎഫ് വൈസ് പ്രസിഡൻ്റ് നൗഷാദ് ആരോപിച്ചു. 

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്താൽ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി. 

മന്ത്രിമാരുമായുള്ള ചര്‍ച്ച നിരാശജനകമായിരുന്നുവെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. 12 മണിക്കൂർ ജോലി ചെയ്താൽ മാത്രം ശമ്പളം എന്നത് അംഗീകരിക്കാൻ ആവില്ല. 12 മണിക്കൂർ ഡ്യൂട്ടി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും  സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴിൽ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. 

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പക്കാമെന്നാണ് സര്‍ക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴിൽ സമയം എന്ന നിർവചനം ചൂണ്ടിക്കാട്ടിയാണ്  നിയമ സെക്രട്ടറിയുടെ നിയമോപദേശം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ 8 മണിക്കൂർ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നൽകുന്ന വിശ്രമനേരവുമാണെന്ന് മാനേജ്മെൻ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.

സിഗിംൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തിൽ നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവരുമായി യൂണിയനുകൾ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് മുൻപായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നൽകിയത്. 

ജോലിസമയത്തിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും ഒപ്പ് വയ്ക്കുന്നതിനിടയിലെ സമയമാണ് തൊഴിലാളിയുടെ ജോലി സമയമായി കണക്കാക്കേണ്ടത് എന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തിൽ അവരും നിയമോപദേശം തേടിയിരുന്നു. 

എല്ലാ മാസവും അ‌‌ഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാൻ 12 മണിക്കൂർ സിംഗിൾ ‍‍‍ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സർക്കാർ.  എന്നാൽ കൃത്യസമയത്ത് ശമ്പളം, കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകൾ. ചര്‍ച്ചയിൽ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗതാഗത,തൊഴിൽ മന്ത്രിമാര്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios