കെഎസ്ആർടിസിക്ക് സമാന്തരമായി മറ്റൊരു കമ്പനി പാടില്ലെന്നാണ് യൂണിയനുകൾ പറയുന്നത്.  സ്ഥലങ്ങൾ പാട്ടത്തിന് നൽകാനുള്ള നീക്കവും അംഗീകരിക്കില്ല. യൂണിയനുകളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

തിരുവനന്തപുരം: യൂണിയനുകളുടെ എതിർപ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായിമുന്നോട്ട് പോകുമെന്ന നിലപാടിലുറച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സ്വിഫ്റ്റ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജു പ്രഭാകര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ കെഎസ്ആർടിസിക്ക് സമാന്തരമായി മറ്റൊരു കമ്പനി പാടില്ലെന്നാണ് യൂണിയനുകൾ പറയുന്നത്. സ്ഥലങ്ങൾ പാട്ടത്തിന് നൽകാനുള്ള നീക്കവും അംഗീകരിക്കില്ല. യൂണിയനുകളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്ന് ബിജു പ്രഭാകര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുമായി യുദ്ധത്തിനില്ലെന്നും ബിജു വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണ്. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്. കാസര്‍ഗോഡുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോടേയ്ക്ക് സ്ഥലം മാറ്റുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന ചിലരെയാണ് താന്‍ ആക്ഷേപിച്ചതെന്നും നിലപാടില്‍ നിന്ന് പിന്മാറിലെന്ന് വ്യക്തമാക്കി ബിജു പ്രഭാകര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ തന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചിൽ നടത്തിയതെന്നും സ്വിഫ്റ്റിൽ പിന്നോട്ടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.