ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് (KSRTC) ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.

അതേസമയം, കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയുയും മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. 

Also Read: കെഎസ്ആർ‍ടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ

മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.

Also Read: ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും വായ്പ തുക ബാങ്കിൽ അടച്ചില്ല;കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്