കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള വാഹന നികുതി മാത്രമാണ് അടച്ചിട്ടുള്ളത്.
തിരുവനന്തപുരം: നികുതി അടക്കാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ മൂന്ന് സ്കാനിയ വാടക ബസ്സുകള്‍ തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തു. ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് പിടിച്ചെടുത്തത്.
ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ബസ്സുകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. പിടിച്ചെടുത്ത ബസ്സുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്ആര്‍ടിസി, മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചു
അതേസമയം നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി 2000 ലേറെ സര്‍വ്വീസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വെട്ടിക്കുറച്ചിരുന്നു. ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.
മുന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി 700 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. 1500-ലേറെ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്ആര്‍ടിസി നടത്തുന്നത്. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണമാണ് സര്‍വീസുകള്‍ വെട്ടിചുരുക്കേണ്ടി വരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായം.
സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായതിനാല്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് കൊണ്ട് ചിലവിനുള്ള തുക സ്വന്തമായി കണ്ടെത്തേണ്ടി വരുമെന്ന് അധികൃതര്‍ പറയുന്നു. ഡീസല്‍ ചിലവ് മാത്രം പ്രതിദിനം ശരാശരി 3.25 കോടി രൂപ വരും. . ഈ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്.
