കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടു. കണ്ണൂരിൽനിന്ന് വന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു.

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം. ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപെട്ടത്.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മുന്നിൽ പോകുകയായിരുന്ന ചരക്കുലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ മാസം രാമനഗരയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. ഇതിന് സമീപം തന്നെയാണ് വീണ്ടും മറ്റൊരു സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ടിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.