ജനം ടിവിയുടെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കറെ മുൻപിലും മഹാത്മാഗാന്ധിയെ പിന്നിലും ചിത്രീകരിച്ചതിനെതിരെ കെഎസ്‍യു ഡിജിപിക്ക് പരാതി നൽകി. ഇത് മഹാത്മാ ഗാന്ധിയെ അവഹേളിക്കാനും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമരസേനാനികളായി ചിത്രീകരിക്കാനുമുള്ള ശ്രമമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
തിരുവനന്തപുരം: ജനം ടിവിക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‍യു. ചാനലിന്‍റെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു. ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്. മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്രസമരസേനാനികൾ ആയി ചിത്രീകരിക്കാനാണ് ജനം ടിവിയുടെ ശ്രമമെന്നും പരാതിയിൽ പറയുന്നു.


