സർക്കാരിന്‍റെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി. ഡിപ്പോ പൂട്ടുമെന്ന് കുപ്രചരണം നടത്തിയതിനാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും അഞ്ചുപേരെ സ്ഥലം മാറ്റുകയും ചെയ്തത്.
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല നടപടി. യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി പ്രഖ്യാപിച്ചത്. ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു. സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം ജീവനക്കാർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നാണ് കെഎസ്ആർടിസി നിലപാട്. അതേസമയം പ്രതിപക്ഷ യൂണിയനിലെ പ്രവർത്തകരായ ജീവനക്കാർക്കെതിരായ നടപടിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നുണ്ട്.


