കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായി, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ച് റീട്ടെയിൽ രംഗത്തേക്ക് പ്രവേശിക്കുകയാണ്. 'കെ-ഇനം' എന്ന പുതിയ ബ്രാൻഡിലെ ഭക്ഷ്യവിഭവങ്ങളും റീട്ടെയിൽ കടകളിൽ ലഭ്യമാക്കും.
തിരുവനന്തപുരം: കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തിൽ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ മുഖേന കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു.
900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും ഇതിൽ പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മിക്ക ഉൽപന്നങ്ങളും കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേൻമയുള്ള ഈ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകൾ, സരസ് മേളകൾ, മാർക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ഓൺലൈൻ പ്‌ളാറ്റ്‌ഫോമായ പോക്കറ്റ്മാർട്ട് ആപ്‌ളിക്കേഷൻ എന്നിങ്ങനെ നിരവധിയായ വിപണന മാർഗ്ഗങ്ങൾ കുടുംബശ്രീയുടേതായിട്ടുണ്ട്.
കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ ചെറുകിട കച്ചവടക്കാർ മുഖേനയും വിപണനം നടത്തുന്നുണ്ട്. വിപണിയിലെ മാറ്റങ്ങൾക്കും ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾക്കും അനുസൃതമായി ഉൽപാദന രംഗത്തും വിപണന രംഗത്തും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.
കൂടാതെ 'കെ ഇനം' എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാർഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയിൽ വിപണനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കാർഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐ.സി.എ.ആർ), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നും നേടിയ നിയമാനുസൃത ലൈസൻസുള്ള 184 ഭക്ഷ്യസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 'കെ-ഇനം' ബ്രാൻഡിൽ മുപ്പതോളം ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രികൃത മിശ്രിതങ്ങൾ. സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉൽപന്നങ്ങളാണിവയെന്ന് മന്ത്രി പറഞ്ഞു.
ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യൂട്ടർമാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം കേരളത്തിന്റെ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ കുടുംബശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവർത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് എ മുജീബ് റഹ്‌മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


