ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തൃശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടം ഉണ്ടായ സംഭവത്തിൽ ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

വടക്കാ‌ഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. അപകടത്തില് പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠന്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പടക്കപ്പുരയില്‍ ജോലി ചെയ്തിരുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയപ്പോൾ നാല് തൊഴിലാളികൾ കുളിക്കാനായി പോയിരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ മടങ്ങിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വെടിക്കെട്ട് പുരക്ക് സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു. 

Also Read: വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; കിലോമീറ്ററുകൾ അകലെ വരെ പ്രകമ്പനം, ഒരാൾക്ക് ഗുരുതര പരിക്ക്

YouTube video player

സ്ഫോടനത്തിന്‍റെ പ്രകമ്പനം അത്താണി, ഓട്ടുപാറ, വടക്കാഞ്ചേരി മേഖലയില്‍ അനുഭവപ്പെട്ടു. പ്രദേശത്തെ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭൂകമ്പമെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. പിന്നീടാണ് വെടുപ്പുരയ്ക്ക് തീപിടിച്ചതാണെന്ന് മനസ്സിലായത്. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും പൊലീസും കുണ്ടന്നൂരിലെ വയല്‍ക്കരയിലേക്ക് പാഞ്ഞെത്തിയപ്പോഴേക്ക് വെടിപ്പുര പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. നാലു തെങ്ങുകളും ഒരു മരവും കടപുഴകി. സ്ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയില്‍ കുഴിരൂപപ്പെട്ടു. പടക്ക ശാലയില്‍ ഗുരതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മണികണ്ഠന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മണികണ്ഠന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. അമിട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കരിമരുന്ന് മിശ്രിതത്തില്‍ തീപടര്‍ന്നതാണ് പൊട്ടിത്തെറിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്നത് പരിശോധിച്ചു വരികയാണെന്ന് ഫയര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും പ്രത്യേകം പരിശോധനകള്‍ നടത്തുന്നുണ്ട്.