Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീൻ സഭയുടെ വമ്പൻ മാര്‍ച്ച്; എതിര്‍പ്പുമായി പ്രദേശവാസികൾ

സമരത്തെ കുറിച്ചുള്ള ലൈവ് റിപ്പോർട്ടിംഗിനിടെ  ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ പ്രതിഷേധം ഉണ്ടായി. സമരത്തെ എതിര്‍ക്കുന്ന പ്രദേശവാസികളാണ് പ്രതിഷേധവുമായി എത്തിയത്. 

Latin Church Conducted Mass Rally against Vizhinjam port
Author
First Published Sep 18, 2022, 8:19 PM IST

തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനെതിരെ ആയിരങ്ങളെ അണിനിരത്തി  ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മത്സ്യബന്ധന തുറമുഖത്ത് നിന്ന് പദ്ധതി പ്രദേശത്തേക്കായിരുന്നു മാർച്ച്. മാര്‍ച്ചിനൊടുവിൽ പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സമരത്തെ എതിർക്കുന്ന പ്രദേശവാസികളിൽ ചിലർ തടസ്സപ്പെടുത്തി. 

മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച തുടങ്ങിയ ജനബോധനയാത്ര അഞ്ചു തെങ്ങിലൂടെ കടന്ന് എഇന്നാണ് വിഴിഞ്ഞം മൽസ്യബന്ധന ഹാർബറിലേക്ക് എത്തിയത്. ഹാര്‍ബറിൽ നിന്നും  വൈദികരും വിശ്വാസികളും മൽസ്യത്തൊഴിലാളികളും അണിനിരന്ന് തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാർച്ച് നീങ്ങി. 

സമര പന്തലിന് അടുത്തെത്തിയപ്പോൾ പദ്ധതിപ്രദേശത്തേക്ക്  കടക്കാൻ സമരക്കാര്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് സമര പന്തലിൽ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ സമരം ഉദ്ഘാടനം ചെയ്തു. 

സമാപന സമ്മേളനത്തിനിടയിലും നേരിയ സംഘർഷമുണ്ടായി. പദ്ധതിയെ അനുകൂലിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയും സ്ഥലത്ത് എത്തിയെങ്കിലും സമരപ്പന്തലിന് എതിർ വശത്ത് പൊലീസ് ഇവരെ തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ ഇരുവർക്കുമിടയിൽ പൊലീസ് മതിൽ തീർത്തു.  

ഇതിനിടെയാണ്  സമരത്തെ കുറിച്ചുള്ള ലൈവ് റിപ്പോർട്ടിംഗിനിടെ  ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ പ്രതിഷേധം ഉണ്ടായത്. സമരത്തെ എതിർക്കുന്ന പ്രദേശവാസികളിൽ ചിലരായിരുന്നു ഇതിന് പിന്നിൽ. 

Follow Us:
Download App:
  • android
  • ios