സിപിഎം വിമത കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു.
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്.
താൻ പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ ചതിച്ചെന്നും മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും അവിശ്വാസ പ്രമേയം പാസായശേഷം കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പാര്‍ട്ടി വിപ്പ് കിട്ടിയിട്ടില്ലെന്നും ഇനി ഏതെങ്കിലും തരത്തിലുള്ള അയോഗ്യത നടപടിയുണ്ടായാൽ നിയമപരമായി നേരിടാൻ തയ്യാറാണെന്നും കലാ രാജു പറഞ്ഞു. ഇത് എൽഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ഇനി യുഡിഎഫിനൊപ്പമാണെന്നും കലാ രാജു വ്യക്തമാക്കി.
ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് എൽഡിഎഫ്
അതേസമയം, അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ചാണ് എൽഡിഎഫ് അംഗങ്ങള്‍ കൗണ്‍സിൽ ഹാളിന് പുറത്തേക്ക് വന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും പിന്നിൽ കുതിരക്കച്ചവടവും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നും എൽഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
കൂടുതൽ പേര്‍ യുഡിഎഫിലേക്ക് വരും
ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും ഭൂരിപക്ഷമുള്ള ചെയർമാൻ വരുമെന്നും പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ പറഞ്ഞു.ചാക്കിട്ട് പിടിച്ചും കാലു വാരിയും അധികാരത്തിൽ എത്തിയ എൽഡിഎഫിന് അരോപണം ഉന്നയിക്കാൻ അധികാരമില്ല.കൂടുതൽ പേർ യുഡിഎഫിലേക്ക് വരുമെന്നും പ്രിന്‍സ് പോള്‍ പറഞ്ഞു.
എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് രാവിലെയാണ് വീണ്ടും അവിശ്വാസ പ്രമേയ ചർച്ച നടന്നത്. ജനുവരിയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതടക്കമുള്ള നാടകങ്ങൾ അരങ്ങേറിയിരുന്നു.
തട്ടിക്കൊണ്ട് പോകൽ , കേസ് , കോടതി, വിവാദം.....
ജനുവരി 18നാണ് കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെ ഉണ്ടായത് നാടകീയ സംഭവങ്ങൾ ഉണ്ടായത്. 25 അംഗ ഭരണ സമിതിയിൽ എൽഡിഎഫ്- 13 , യുഡിഎഫ് -11, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫിനോട് ഉടക്കി നിൽക്കുന്ന കൗൺസിലർ കലാ രാജു യുഡിഎഫിനൊപ്പമാണ്.
സ്വതന്ത്രൻ നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ നൽകിയിരുന്നു. ഏഴു മാസം മുമ്പ് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കലാ രാജു എതിർത്ത് വോട്ട് ചെയ്യുമെന്ന് കരുതിയായിരുന്ന എൽഡിഎഫിന്‍റെ പരാക്രമം. ബലപ്രയോഗം നടത്തി വലിച്ചിഴച്ചാണ് കൗൺസിലര്‍ കലാ രാജുവിനെ സ്വന്തം പാർട്ടിക്കാർ തട്ടിക്കൊണ്ട് പോയത്.
സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി അടക്കം 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുടങ്ങിപ്പോയ അവിശ്വാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സംഭവങ്ങൾക്കൊക്കെ ശേഷമാണ് ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയിലടക്കം പങ്കെടുത്തുകൊണ്ട് ലതാ രാജു യുഡിഎഫിന് അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.



