കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ഇടതുമുന്നണി യോഗം ചേരും.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനോട് തുറന്ന പോരിനിറങ്ങിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ഇടതുമുന്നണി യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും. സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കാണ് തീരുമാനം. ഗവർണറെ അധിക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്നതടക്കമുള്ള ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഇല്ലാത്ത അധികാരം പറഞ്ഞ് മന്ത്രിമാരെയടക്കം ഭീഷണിപ്പെടുത്തുന്ന ഗവർണറുടെ നീക്കം തുറന്ന് കാണിക്കണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം.
സർവ്വകലാശാലയിൽ വിസിമാരെയടക്കം ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് നിയമിക്കുന്നതിൽ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത എതിർപ്പാണ് ഉയർത്തിവരുന്നത്. സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചാണ് ഏറ്റവും ഒടുവിൽ സർക്കാറിന് ഗവർണർ മുന്നറിയിപ്പ് നൽകുന്നത്. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ, സുപ്രീംകോടതി വിധി ആയുധമാക്കുന്നത്. വിധിക്കെതിരെ പുന:പ്പരിശോധനാ ഹർജിയുടെ സാധ്യത തേടുകയാണ് സർക്കാർ.
കണ്ണൂർ, കേരള, എംജി, ഫിഷറീസ്, സംസ്കൃത വിസിമാരുടെ നിയമനങ്ങളും പാനലില്ലാതെയായിരുന്നു. കെടിയു കേസ് ആധാരമായാൽ ഈ അഞ്ച് വിസിമാരും തെറിക്കുമെന്നിരിക്കെയാണ് ഗവർണർ വിധി ആയുധമാക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വിസിമാർക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള വിസി നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ വിസിമാരുടെ നിയമനത്തിനെതിരെ പരാതി നൽകിയവർ കെടിയു വിധി തുടർ നിയമപോരാട്ടത്തിന് ഉപയോഗിക്കും. കണ്ണൂർ വിസി കേസ് സുപ്രീം കോടതി പരിഗണനയിലാണ്.
'അങ്ങനെയല്ല പറഞ്ഞത്'; മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
