അതേസമയം ജെഡിഎസിന് എപ്പോൾ വേണമെങ്കിലും എല്‍ജെഡിയിൽ ലയിക്കാമെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയം സ് കുമാർ പ്രതികരിച്ചു.  

കോഴിക്കോട്: സോഷ്യലിസ്റ്റ് പാർട്ടി കൾ ഒന്നിക്കണമെന്ന ആഗ്രഹം പങ്കുവച്ച് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍ കുട്ടി. ചിഹ്നത്തിന്‍റെയും മറ്റും ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണിപ്പോൾ ഒന്നിക്കുന്നതില്‍ തടസ്സമായി നില നിൽക്കുന്നതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ആരും പരസ്പരം ശത്രുക്കളല്ല. ദേശീയ തലത്തിൽ തന്നെ ലയനമുണ്ടാകും. അഖിലേഷ് യാദവുമായടക്കം ചർച്ചകൾ നടക്കുകയാണെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. 

അതേസമയം ജെഡിഎസിന് എപ്പോൾ വേണമെങ്കിലും എല്‍ജെഡിയിൽ ലയിക്കാമെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയം സ് കുമാർ പ്രതികരിച്ചു. വലിയ പാർട്ടികളിൽ ചെറിയ പാർട്ടികൾ ലയിക്കുന്നതാണ് പതിവ്. സംസ്ഥാന തലത്തിലെ ലയനം എന്നതിലുപരി ദേശീയ തലത്തിൽ വിശാലമായ സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണം വേണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനം വേണമെന്ന കെ കൃഷ്ണൻ കുട്ടിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് എല്‍ജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ വർഗീസ് ജോർജ്ജ് പറഞ്ഞു. ദേശീയ പാർട്ടികളായതിനാൽ സംസ്ഥാന തലത്തിൽ മാത്രം എല്‍ജെഡി - ജെഡിഎസ് ലയനത്തിന് സാങ്കേതിക തടസ്സം ഉണ്ട്. എന്നാൽ വർഗീയ ശക്തികളെ തകർക്കാൻ ലയനത്തിന് എല്‍ജെഡി സംസ്ഥാന നേതൃത്വം മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.