കേരളത്തിൽ നിന്നുള്ള ഇടത് നേതാക്കൾ ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്നു. തങ്ങളെ സുഭാഷ് പാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായി പി രാജീവ് അറിയിച്ചു. ജയിൽ പോലുള്ള വാഹനത്തിലാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ കേരളത്തിൽ നിന്നുള്ള ഇടത് നേതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാക്കളായ ടി പി രാമകൃഷ്ണൻ, പി രാജീവ് തുടങ്ങിയവരാണ് ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്നത്. തങ്ങളെ സുഭാഷ് പാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായി പി രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജയിൽ പോലുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുവന്നതെന്നും ഒരുമണിക്കൂറോളം സഞ്ചരിച്ചുവെന്നും പി രാജീവ് വീഡിയോയിൽ വിവരിച്ചു.
"ചരിത്ര സമരത്തിനാണ് ഞങ്ങൾ എല്ലാവരും പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എല്ലാവരും പങ്കെടുക്കുകയുണ്ടായി. ഞങ്ങൾ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിൽ പോലുള്ള വാഹനത്തിൽ ഏതോ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. ഏകദേശം ഒരുമണിക്കൂറോളമായി വാഹനത്തിൽ സഞ്ചരിക്കുകയാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലെ നിർണായക സമരം ഏറ്റവും ശക്തമായ രൂപത്തിൽ മുന്നോട്ടുപോകുന്നു എന്നതിൽ അഭിമാനമുണ്ട്..."- പി രാജീവ് ആദ്യം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ എൻ ബാലഗോപാൽ എംഎൽഎ എന്നിവരും ദില്ലി പൊലീസിൻ്റെ കസ്റ്റഡിയിൽ തുടരുകയാണ്. രാവിലെ 10:45 ഓടെ ജന്തർ മന്തറിൽ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂവരെയും വാഹനത്തിൽ കയറ്റിയ പൊലീസ് ഏറെ നേരമായി യാത്ര തുടരുകയാണ്. നേതാക്കളെ ആദ്യം കരുതൽ തടങ്കൽ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും വൈകാതെ തന്നെ പൊലീസ് വാഹനത്തിൽ കയറ്റി യാത്ര പുനരാരംഭിച്ചു. എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് നേതാക്കളെ പൊലീസ് അറിയിച്ചിട്ടില്ല.
തങ്ങളെ പൊലീസ് ദില്ലി നഗരത്തിലൂടെ വട്ടം കറക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് വീഡിയോ സന്ദേശത്തിൽ അറിയിച്ചു. പിണറായി വിജയൻ രാജ്യത്തെ തന്നെ മുതിർന്ന നേതാവാണെന്നും മുൻ മുഖ്യമന്ത്രിയാണെന്നും പോലും പരിഗണിക്കുന്നില്ലെന്നും ഇതാണ് സ്ഥിതിയെങ്കിൽ രാജ്യത്തെ സാധാരണക്കാരൻ്റെ അവസ്ഥ എന്താകുമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.


