തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സംസ്ഥാന വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കര്‍ കേസിൽ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേസിലെ ഒന്നാം പ്രതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പുറത്ത് വന്നത്. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. അഴിമതി കേസുകൾ ഓരോന്നായി പുറത്തുവരികയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ  മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം: ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി, സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി വിജിലൻസ്...
 

പ്രതിപക്ഷ നേതാക്കന്മാരെ കള്ളകേസിൽ കുടുക്കാനുള്ള ശ്രമാണ് ഇപ്പോൾ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്നത്. സർക്കാരിന്‍റെ അഴിമതിയും കൊള്ളയും ചൂണ്ടി കാണിക്കുന്ന എംഎൽഎമാര്‍ക്കെതിരെ ഡിജിപി കള്ള കേസെടുക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡി ജി പിക്കെതിരെ ഒരു കമ്മീഷനെ വച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു, സർക്കാരിന് വേണ്ടി ഡിജിപി വഴിവിട്ട് പ്രവർത്തിക്കുന്നു.പർച്ചേസിലൂടെ കോടിക്കണക്കിന് അഴിമതി നടത്തുന്ന ഡിജിപിയെ സർക്കാർ പിന്തുണയ്ക്കുന്നു.കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.