തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസും പ്രതിചേർത്തു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്  നായർ എന്നിവർക്കൊപ്പമാണ് എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ  അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്  നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട്  പ്രതികളാണ്.

പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപ്പെട്ട് വിജിലൻസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം വിജിലൻസും ശിവശങ്കറിനെ പ്രതിചേർത്തത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. 

അഞ്ചാമത്തെ ആ ഐഫോൺ ആരുടെ കയ്യിൽ ? ദുരൂഹത നീങ്ങുന്നു, ഫോൺ കൈവശമുള്ളവരുടെ വിവരങ്ങൾ ഇഡിക്ക്

യുണി ടാക് / സെയ്ൻ വെഞ്ചേഴ്സ് എന്നീ കമ്പനികളെയും തിരിച്ചറിയാനുള്ള ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചായിരുന്നു നേരത്തെ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പൻറെ കമ്പനികളെ പ്രതിചേർത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൈക്കൂലിയായി സന്തോഷ് ഈപ്പൻ സ്വപ്നക്ക് നൽകിയ മൊബൈൽ ഫോൺ ശിവശങ്കറിന് കൈമാറിയെന്നും ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിന് കണ്ടുവെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നുവെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.