ഒട്ടും സുരക്ഷയില്ലാത്തതിനാൽ മിക്കവരും വീടുവിട്ടുപോയി. നിർമ്മാണം പാതിവഴിയിലായ വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.
മലപ്പുറം: പാരിസ്ഥിതിക ദുർബല പ്രദേശത്ത് ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകി അധികൃതരുടെ അനാസ്ഥ. മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിലാണ് മണ്ണിടിച്ചിലുളള പ്രദേശത്ത് 14 വീടുകൾ നിർമ്മിച്ച് നൽകിയത്. ഒട്ടും സുരക്ഷയില്ലാത്തതിനാൽ മിക്കവരും വീടുവിട്ടുപോയി. നിർമ്മാണം പാതിവഴിയിലായ വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.
വർഷങ്ങൾ വാടക വീടുകളിൽ മാറിമാറി താമസിച്ചതിനൊടുവിലാണ് സ്വന്തമായി തലചായ്ക്കാനൊരിടം കിട്ടിയത്. വീട് കിട്ടിയതിന്‍റെ സന്തോഷമുണ്ടെങ്കിലും പരിയാപുരം കരുവെട്ടിയിലെ പാത്തുമ്മയ്ക്ക് ഇപ്പോഴും ആധിയാണ്. മഴ കനത്താൽ മലവെളളപ്പാച്ചിലുണ്ടാകും. പുതിയ വീടെങ്കിലും മുഴുവൻ ചോർച്ചയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കമണിയുടേയും സ്ഥിതി സമാനം. വീടിന്റെ പണി തീർന്നിട്ടില്ല. വാടക വീട്ടിലാണ് ഇപ്പോഴും താമസം.
അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരത്ത് 14 വീടുകളാണ് ലൈഫ് പദ്ധതിപ്രകാരം പണിതത്. അവസാന ഗഡു മുടങ്ങിയതോടെ മിക്കവീടുകളുടെയും പണി പൂർത്തിയായിട്ടില്ല. പദ്ധതിക്ക് തെരഞ്ഞെടുത്തത് ചെങ്കുത്തായ കുന്ന്. വെളളമോ വഴിയോ ഇല്ല. മണ്ണിടിച്ചിൽ ഭീതിയുളളതിനാൽ പലരും വീടുവിട്ടുപോയി. ഒരു സുരക്ഷയും സൗകര്യവുമില്ലാത്ത സ്ഥലം പദ്ധതിക്കായി തെരഞ്ഞെടുത്തതിൽ അഴിമതിയാരോപിച്ച് ഗുണഭോക്താക്കൾ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്ഥലംവാങ്ങിയതിൽ ക്രമക്കേടില്ലെന്നാണ് അങ്ങാടിപ്പുറം പഞ്ചായത്ത് വിശദീകരണം. തനത് ഫണ്ടിൽ നിന്ന് തുകവകയിരുത്തി സംരക്ഷണഭിത്തിയും റോഡും ഉറപ്പാക്കുമെന്നും വാഗ്ദാനം. അപ്പോഴും ലക്ഷങ്ങൾ പാഴായതിനെക്കുറിച്ച് ആർക്കും മറുപടിയില്ല.

