തിരുവനന്തപുരം: തിരുവനന്തപുരം കരകുളം സ്വദേശി ചന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തി പിണറായി വിജയൻ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എസി മൊയ്ദീനും ഒപ്പം രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചന്ദ്രന്‍റെയും കുടുബത്തിന്‍റേയും സന്തോഷത്തിൽ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങിൽ പങ്കെടുത്താണ് പിണറായി വിജയൻ മടങ്ങിയത്. 

സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ആറു സെന്‍റിൽ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് ഒപ്പം ബന്ധുക്കളും  നാട്ടുകാരും എല്ലാം പങ്കെടുത്ത ചടങ്ങിൽ ആവേസകരമായ സ്വീകരണമാണ് മുഖ്യമന്ത്രി അടക്കം ജനപ്രതിനിധികൾക്ക് കരകുളത്ത് കിട്ടിയത്. 

തുടര്‍ന്ന് വായിക്കാം: 'പ്രതിപക്ഷനേതാവിന് ക്രെഡിറ്റ് വേണമെങ്കിൽ എടുക്കാം'; ലൈഫ് മിഷനില്‍ ചെന്നിത്തലയോട് മുഖ്യമന്ത്രി...

സംസ്ഥാനത്തെ രണ്ട് ലക്ഷത്തി പതിനാലായിരം കുടുംബം ചന്ദ്രനെ പോലെ അടച്ചുറപ്പുള്ള സ്വന്തം വീടുകളിലേക്ക് മാറുന്നതിന്‍റെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

"സംസ്ഥാനത്തിന്‍റെ ഓരോ മുക്കും മൂലയും വലിയ സന്താഷത്തിലാണ് . എല്ലാവരും ആഹ്ളാദിക്കുന്ന ദിവസമാണിന്ന് . രണ്ട് ലക്ഷത്തി പതിനാലായിരം പേര്‍ക്കാണ് അടച്ചുറപ്പുള്ള സ്വന്തം വീട് ഉണ്ടാകുന്നത്. ആത്മനിര്‍വൃതിയാണ് എല്ലാവര്‍ക്കും. കുടുംബാംഹങ്ങളുടേയും നാടിന്‍റേയും സന്തോഷത്തിൽ എല്ലാവര്‍ക്കും അണിചേരാം". - പിണറായി വിജയൻ

"

ലൈഫ് മിഷൻ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം വീടുകൾ നിർമ്മിച്ച് നൽകിയത്. സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ലൈഫ് മിഷൻ പദ്ധതിപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. 

തുടര്‍ന്ന് വായിക്കാം: ലൈഫ് പദ്ധതി: കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍...