തൊഴിലുടമയുടെ പീഡനം മൂലം ദുരിതത്തിലായ ലിൻ്റയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത്. പറഞ്ഞ ജോലിയോ ശമ്പളമോ ഇല്ലാതെ മാസങ്ങളായി കുവൈത്തിൽ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ലിന്റ.   ശമ്പളം ചോദിച്ചത് മുതല്‍ കൊടിയ മര്‍ദ്ദനം ആയിരുന്നു ലിന്റയ്ക്ക് അനുഭവിക്കേണ്ടി വന്നത്

വ‌യനാട്: ഏജന്റിന്റെ ചതിയില്‍ പെട്ട് കുവൈത്തിൽ കുടുങ്ങി നരകയാതന അനുഭവിച്ച് നാട്ടില്‍ തിരിച്ചെത്തിയ വയനാട് സ്വദേശിനി ലിൻ്റയും കുടുംബവും ബിനോയ് വിശ്വം എം പിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബിനോയ് വിശ്വം വയനാട്ടിലെത്തിയപ്പോള്‍ കുടുംബം സമ്മേളന നഗരിയിലെത്തുകയായിരുന്നു.

തൊഴിലുടമയുടെ പീഡനം മൂലം ദുരിതത്തിലായ ലിൻ്റയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത്. പറഞ്ഞ ജോലിയോ ശമ്പളമോ ഇല്ലാതെ മാസങ്ങളായി കുവൈത്തിൽ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ലിന്റ. ശമ്പളം ചോദിച്ചത് മുതല്‍ കൊടിയ മര്‍ദ്ദനം ആയിരുന്നു ലിന്റയ്ക്ക് അനുഭവിക്കേണ്ടി വന്നത്. തൊഴിലുടമയുടെ പീഡനത്തില്‍ മാസങ്ങളോളം കുവൈത്തിൽ നരകയാതന അനുഭവിക്കേണ്ടി വന്ന ലിൻ്റ ഇനി ഒരിക്കലും നാട്ടിലേക്കും പ്രിയപ്പെട്ടവരുടെ അരികിലേക്കും എത്തിച്ചേരാന്‍ കഴിയില്ലെന്ന് കരുതിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായത്. 

വാര്‍ത്ത കണ്ട് ബിനോയ് വിശ്വം എം പിയുടെ ഫോണ്‍ കോളാണ് ആദ്യം കുടുംബത്തെ തേടിയെത്തിയത്. ധൈര്യമായി ഇരിക്കാനും, ലിന്റ‌യെ നാട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലുകള്‍ നടത്താമെന്നും എം പി ഉറപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിലും, എംബസിയിലും എംപി നടത്തിയ ഇടപെടലിന്റെ ഭാഗമായി തൊഴിലുടമയുടെ തടവറയില്‍ നിന്നും കഴിഞ്ഞ മെയ് അഞ്ചിന് ലിൻ്റ വൈത്തിരിയിലെ വീട്ടിലെത്തി. അന്ന് മുതല്‍ അഗ്രഹിക്കുന്നതാണ് അദ്ദേഹത്തെ നേരിട്ട് കണ്ട് നന്ദിയും സ്‌നേഹവും അറിയിക്കണമെന്നതെന്ന് ലിൻ്റ പറഞ്ഞു. ജീവന്‍ മാത്രമല്ല പുതിയൊരു ജീവിതവും എംപി തങ്ങള്‍ക്ക് നല്‍കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ജോലി ഇല്ലാതെ നാട്ടില്‍ പ്രയാസത്തിലായ ലിൻ്റയ്ക്ക് എംപിയുടെ ഇടപെടലിലൂടെ കൽപ്പറ്റ മില്‍മയില്‍ താല്‍ക്കാലിക ജോലിയും ലഭിച്ചു.

Read Also: അങ്കണവാടിയിൽ പാമ്പ്, അതിഥിയെ കണ്ട് എന്ത് ചെയ്യുമെന്നറിയാതെ ടീച്ചറും കുട്ടികളും; പിന്നെ സംഭവിച്ചത്.!