തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം.

ബാലഭാസ്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനാപകടത്തിനു ശേഷം രക്ഷാപ്രവർത്തനം  നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ബാലഭാസ്കര്‍ കാറിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്തതായി കൊല്ലത്തുവച്ചു കണ്ട യുവാക്കളുടെയും രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം. ഇതിനായി റിപ്പോർട്ട് വൈകാതെ കോടതിയിൽ നൽകും.

അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറൻസിക് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പരിശോധന ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന് നുണപരിശോധന നടത്തുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.