മലപ്പുറം സ്വദേശിയായ ഗായകൻ ഡാനിഷ് മുഹമ്മദ് ‘പോറ്റി പാട്ടിലേക്ക്' എത്തിയതിനെക്കുറിച്ചും അതിന്‍റെ വിജയത്തെക്കുറിച്ചും സംസാരിക്കുന്നു. 

മലപ്പുറം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വളരെയധികം സഹായിച്ച ഒരു പാട്ടുണ്ട്. ‘സ്വർണ്ണം കട്ടവനാരപ്പാ’ എന്ന പാട്ട് വലിയ തരംഗമായതിന്‍റെ സന്തോഷത്തിലാണ് ഗായകൻ ഡാനിഷ് മുഹമ്മദ്. മലപ്പുറം സ്വദേശിയാണ് ഡാനിഷ്. എങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തിയതെന്ന് ഡാനിഷ് വിശദീകരിക്കുന്നു. 

ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്ന് ഗായകൻ

“പാട്ട് ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽ വച്ചാണ് റെക്കോർഡ് ചെയ്തത്. ഇലക്ഷന്‍റെ ഭാഗമായി വന്ന വർക്കാണ്. ഇത്ര വൈറലാകുമെന്ന് കരുതിയില്ല. വരികൾ എഴുതിയത് ജി പി ചാലപ്പുറമാണ്. പ്രവാസിയാണ് അദ്ദേഹം. ഞാനും അദ്ദേഹത്തെ കണ്ടിട്ടില്ല. ഹനീഫ മുടിക്കോട് എന്ന സംഗീത സംവിധായകൻ പറഞ്ഞിട്ടാണ് ആ പാട്ട് എന്നിലേക്ക് എത്തിയത്. ഇങ്ങനെയൊരു വിഷയം, അതിനു പറ്റിയ ട്യൂണ്‍, പാടിക്കോ എന്ന് പറഞ്ഞ് തന്നതാണ്. അങ്ങനെ പാടി. സുബൈർ പന്തല്ലൂരാണ് പബ്ലിഷ് ചെയ്തത്. പിന്നെ പാട്ട് വൈറലായി എന്നാണ് അറിയുന്നത്. ഒറിജിനൽ മറന്നുപോയി, ഇപ്പോ ഈ പാട്ടാണ് ഓർമ വരുന്നത് എന്നൊക്കെ ആളുകൾ പറയുമ്പോൾ സന്തോഷം. പലരും രാഷ്ട്രീയമായ വ്യത്യാസമൊന്നും ഇല്ലാതെ പാട്ട് ആസ്വദിച്ചു”- ഡാനിഷ് പറഞ്ഞു. 

"പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ 

സ്വർണപ്പാളികൾ മാറ്റിയേ, ശാസ്താവിൻ ധനമൂറ്റിയേ

സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ

ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ"- ഇങ്ങനെ പോകുന്നു പാട്ടിലെ വരികൾ. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്‍റെ ട്യൂണിലാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

തദ്ദേശ വോട്ടു കണക്കിൽ യുഡിഎഫ് 80 നിയമസഭാ സീറ്റുകളിൽ മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കിന്‍റെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ 80 നിയമസഭാ സീറ്റുകളിൽ ഭൂരിപക്ഷം യുഡിഎഫിനാണ്. എൽഡിഎഫിന് 58 നിയമസഭാ സീറ്റിലും എൻഡിഎയ്ക്ക് രണ്ടു സീറ്റിലും ഭൂരിപക്ഷമുണ്ട്. മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിന് മുൻ‌തൂക്കം ഉണ്ട്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ട്. തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഇല്ല എന്നതും ഈ കണക്കിലെ പ്രത്യേകതയാണ്.

YouTube video player