തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ 6 മണിക്ക് മാധ്യമങ്ങളെ കാണും. കണ്ണൂരിൽ നിന്നും അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്ത് വരുന്ന സമയത്ത് കണ്ണൂരിൽ വെച്ച് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയിരുന്നെങ്കിലും തിരുവനന്തപുരത്ത് വെച്ച് പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. 

സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചത്. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിനെതിനെയും ഒരു ഘട്ടത്തിൽ പ്രതിപക്ഷം ആയുധമാക്കി. എന്നാൽ  അവസാനഘട്ടതെരഞ്ഞെടുപ്പിന് മുമ്പ് 5 ദിവസം കണ്ണൂരിൽ എൽഡിഎഫ് പ്രചാരണം വിലയിരുത്താനിറങ്ങി അദ്ദേഹം പ്രതിപക്ഷത്തിന്റെ വായടപ്പിച്ചു. 

സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് തദ്ദേശതെരഞ്ഞെടുപ്പെന്നായിരുന്നു കോൺഗ്രസും സിപിഎമ്മും നേരത്തെ വോട്ടെടുപ്പിന് മുൻപ് പ്രതികരിച്ചിരുന്നത്. ആ വിലയിരുത്തൽ തന്നെയാണ് നടന്നതെന്നാണ് എൽഡിഎഫ് നേതാക്കലും ഫലപ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുന്നത്.  മിന്നും വിജയം സ്വന്തമാകിയ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേരളം. 

ഇടതിനൊപ്പം കേരളം, കരുത്തായി അഭിമാനനേട്ടം, തളർന്ന് യുഡിഎഫ്, എൻഡിഎ ക്യാമ്പിലും നിരാശ