ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങളം കരുപ്പാംവയല്‍ വീട്ടില്‍ ജിഷ്ണുലാലി(29)ന്റെ മരണവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിരുദുനഗള്‍ സ്വദേശി ഇളങ്കോവിനെയാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ലോറിയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടകരമായ രീതിയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ജിഷ്ണുലാല്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കൂടെ സഞ്ചരിച്ചയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്നയുടനെ സ്ഥലത്ത് നിന്നും ലോറിയുമായി കടന്നുകളഞ്ഞ ഇളങ്കോവനെ കഴിഞ്ഞദിവസം കന്യാകുമാരി അഗസ്തീശ്വരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയാണ് അപകടത്തിനിടയാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിച്ചത്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്ത്, എസ്‌ഐമാരായ എന്‍.കെ സഹദ്, വി.ടി ഹരീഷ്, എ.എസ്.ഐ ബിജു അത്തോളി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.പി അനീഷ്, മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇളങ്കോവനെ പിടികൂടിയത്.

YouTube video player